Description
ഓരോരുത്തരേയും ചുറ്റി ഓരോ ഇരുട്ടു മുറിയുണ്ട്. വിഴുങ്ങാൻ പാകത്തിന് എവിടെയും എപ്പോഴും. അതിലകപ്പെട്ടു പോയവർ പിന്നൊരിക്കലും അതേപോലെ പുറത്തു വരാറില്ല.’ ഉണ്ണിക്കൃഷ്‌ണൻ കളീക്കലിന്റെ ‘മറവ്’ എന്ന കഥാസമാഹാരത്തിന് ബാധകമായ ഒരു പ്രസ്‌താവനയാണ് ഇത്. വായിച്ചു കഴിയുമ്പോൾ “ഇടിമിന്നൽ വിറപ്പിക്കുന്ന സമയത്ത് പ്ലഗൂരി ഉപകരണത്തെ സ്വതന്ത്രമാക്കും പോലെ’, അത്ര വേഗത്തിൽ ഈ കഥകളിൽ നിന്നും നിങ്ങൾക്ക് സ്വയം മോചനം നേടാനാവില്ല.
വി. ഷിനിലാൽ
സങ്കീർണമായ ജീവിതപരിസരങ്ങളും വിഭിന്നവും വിചിത്രവുമായ മനോഘടനയുള്ള കഥാപാത്രങ്ങളും ചേർന്ന് ഉണ്ണിക്കൃഷ്ണൻ കളീക്കലിന്റെ കഥകൾക്ക് ആഴവും അടിയൊഴുക്കുകളും സൃഷ്ടിക്കുന്നു.
സിജി. വി.എസ്.







K.Rajagopal –
കഥാപാത്രങ്ങളും കഥാകാരനുമായുള്ള നിരന്തര സംവാദത്തിന് സാക്ഷിയാകുന്ന അനുഭവം ശ്രീ.ഉണ്ണികൃഷ്ണൻ കളീക്കലിൻ്റെ കഥകൾ വായിക്കുമ്പോൾ എനിക്കുണ്ടാകാറുണ്ട്.
സമീപകാലത്ത് – തൻ്റെ രണ്ടാം വരവിൽ – ഏറെ ശ്രദ്ധേയമായ രണ്ടു സമാഹാരങ്ങളുമായി (മരച്ചക്ക് ,മറവ് ) ഉണ്ണിയുടെ കഥകൾ ഏറെ വായനക്കാരെ ആകർഷിച്ചുവരുന്നു.
കഥയില്ലായ്മയുടെ കഥാസരിത് സാഗരത്തിൽ പെട്ട് കരകയറാൻ പാടുപെടുന്ന മലയാള വായനാസമൂഹത്തിന് ഇത്തരം ചിലരുടെ കഥകൾ ലൈഫ് ബോട്ടുകളായി മാറും.
നടപ്പുരുചികളെ നിയന്ത്രിക്കുന്ന മസാലക്കൂട്ടുകളെ പരമാവധി ഒഴിവാക്കുകയെന്നതാണ് ഈ കഥാകാരൻ്റെ രീതി.അജിനാ മോട്ടോയുടേയും ആഡഡ് ഫ്ളേവറുകളുടേയും പ്രയോഗം ഒട്ടുമില്ല. എഴുത്തിൻ്റെ ഏകാന്ത വേളകളിൽ സ്വന്തം അസ്തിത്വത്തെ നിർദ്ദയം വിചാരണ നടത്തുന്ന ഈ കഥാകാരൻ, ഒരു കഥാപാത്രത്തേയും വിധിക്കുന്നില്ല.
” ആരെയും വിധിക്കരുത്. നിങ്ങളും വിധിക്കപ്പെടുകയില്ല …. ” എന്ന ബൈബിൾ പ്രമാണത്തെ തൻ്റെ ടാഗ് ലൈനായി ഈ കഥാകൃത്ത് വിളംബരപ്പെടുത്തുന്നു.
അതു കൊണ്ട് ഈ കഥകൾക്ക് തീർപ്പുകളില്ല, ഏറെ തുടർച്ചകൾ ഉണ്ടുതാനും.
അനുക്രമ പരിണാമിയായ ജീവിതത്തിൻ്റെ മണ്ണടരുകളിൽ താൻ നിരന്തരം നടത്തിവരുന്ന ഉത്ഖനനത്തിൻ്റെ കണ്ടെത്തലുകൾ എന്ന നിലയിൽ സ്വയംഭൂവാകുന്ന വിഗ്രഹങ്ങളാണ് ഉണ്ണികൃഷ്ണൻ കളീയ്ക്കലിൻ്റെ മിക്ക കഥകളും. മനുഷ്യനു വേണ്ടി മനുഷ്യനാൽ എഴുതപ്പെട്ട കഥകൾ എന്ന് ഈ കഥകളെപ്പറ്റി നിസ്സംശയം പറയാം. കാടും കാലവും കാതലിൽ ഉളി നടത്തിയതിൻ്റെ തഴമ്പും തടിക്കോളും അവയിലുണ്ട്. കാതു ചേർത്താൽ ആധിയുടെ നിരാധാരശ്രുതി കേൾക്കാം. ആഴത്തിൽ നിന്നും വേരുകൾ വീണ്ടെടുക്കുന്ന ജലധാരയിൽ നനയാം.
80കളിൽ മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലടക്കം കഥകളെഴുതി വരുന്ന എഴുത്തുകാരനാണ് ശ്രീ.ഉണ്ണികൃഷ്ണൻ. കൺകെട്ടുകളുടെ ഈ സത്യാനന്തര കാലത്ത്, കഥകളിലൂടെ മാത്രം കണ്ണിൽപ്പെടാൻ താല്പര്യപ്പെടുന്ന ഒരാൾക്ക് നേരിടേണ്ടി വരുന്ന എല്ലാ വെല്ലുവിളികളേയും അതിജീവിച്ചു കൊണ്ട് തൻ്റെ എഴുത്തുമായി ഉണ്ണി മുന്നോട്ടു പോകുന്നു.
വരൂ…. കാണൂ ഈ കഥകളിലെ രക്തം …. ( നെരൂദയോട് കടപ്പാട്) എന്ന് വിളിച്ചു പറഞ്ഞു കൊണ്ട്.
ശ്രീ.ഉണ്ണികൃഷ്ണൻ കളീയ്ക്കലിൻ്റെ
‘ മറവ് ‘ എന്ന കഥാസമാഹാരം വളരെ വേഗം രണ്ടാം പതിപ്പിലെത്തുമ്പോൾ സന്തോഷിക്കാതെ വയ്യ.
കാരണം, കഥയെന്നത് – എഴുത്തെന്നത് – കൗശലമല്ല എന്ന കാവ്യനീതി നടപ്പാക്കപ്പെടുന്ന അപൂർവ്വം അവസരങ്ങളിലൊന്നാണല്ലോ ഇത്.
കാഴ്ചപരിശോധനാവേളയിൽ മാറി മാറി എടുത്തണിയുന്ന നാണയലെൻസുകളെപ്പോലെ, ഈ കഥകളേയും കണ്ണിൽ ചേർത്ത് പിടിച്ച് കാലത്തെ വായിച്ച് അതോ ഇതോ സത്യം -മെച്ചം -എന്ന് സംഭ്രമിക്കുവാൻ വായനക്കാരനെ ക്ഷണിക്കുന്നു. കാരണം, അത്രമാത്രം അഗാധമായി ജീവിതത്തെ സ്നേഹിക്കകൊണ്ടു മാത്രം എഴുതപ്പെട്ട കഥകൾ ഇതിലുണ്ട് എന്നതു തന്നെ.
എൻ്റെ ആത്മാവിൻ്റെ നേർപ്പങ്കുകാരനായ ഉണ്ണിയുടെ എഴുത്തിന് സ്നേഹാശംസകൾ….